ബിജെപി സംസ്ഥാന പ്രസിഡൻ്റ് എന്നവകാശപ്പെടുന്ന രാജീവ് ചന്ദ്രശേഖരൻ കേരള മുഖ്യമന്ത്രി വിജയൻ്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സമരം നടത്തുന്നതിനെ ട്രോളി ടൈറ്റാനിയം അഴിമതി കേസിലെ ആദ്യ പരാതിക്കാരൻ സെബാസ്റ്റ്യൻ ജോർജ്. മോദിയേയും അമിത് ഷായേയും കൈയ്യിൽ വച്ചിട്ട് എന്തിന് രാജീവ് ചന്ദ്രശേഖരൻ മഴ നനഞ്ഞ് വിജയൻ്റെ രാജിക്കായി കുത്തിയിരുന്ന് സമരം ചെയ്യണമെന്ന ചോദ്യം ഉയരുന്നതിനിടയിലാണ് സെബാസ്റ്റ്യൻ ട്രോളുമായി രംഗത്ത് വന്നത്. കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണമുന്നയിച്ച വിജയൻ നാളിതുവരെയായി മൊഴി നൽകുകയോ തെളിവ് ഹാജരാക്കുകയോ ഉമ്മൻ ചാണ്ടി മരിക്കുന്നതു വരെയുള്ള കാലത്ത് ഒരു നടപടിയെങ്കിലും സ്വീകരിക്കുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ തെറ്റായ കാര്യങ്ങൾ സിബിഐ അന്വേഷിക്കുന്ന കേസിൽ പറഞ്ഞ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് സെബാസ്റ്റ്യൻ സംസ്ഥാന ഗവർണർക്ക് രേഖകൾ സഹിതം പരാതി നൽകിയിരുന്നു. എന്നാൽ മുൻ ഗവർണർ നടപടി സ്വീകരിച്ചില്ല.ഇപ്പോഴുള്ള ഗവർണർ പ്രതികരിക്കാതെ വന്നപ്പോൾ പ്രധാനമന്ത്രിയുടെയും പ്രസിഡൻ്റിൻ്റേയും ഓഫീസിനെ സമീപിച്ചിരിക്കുകയാണ്. വിഷയം പഠിച്ചു വരികയാണെന്ന് രാജ്യ നേതൃത്വങ്ങൾ മറുപടി കൊടുത്തു. പക്ഷെ ഗവർണ്ണർ ഇനിയും അനങ്ങിയിട്ടില്ല. സെബാസ്റ്റ്യൻ്റ അപേക്ഷയിൽ യെസ് എന്ന് മാത്രം എഴുതി ഗവർണർ ഒപ്പിട്ടാൽ വിജയൻ പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരും. രാജിവയ്ക്കേണ്ടതായും വരും, ബിജെപി കാരനായ ഗവർണറെ കൊണ്ട് ആ യെസ് എഴുതിപ്പിക്കാൻ ബിജെപി സംസ്ഥാന പ്രസിഡൻ്റിന് സാധിക്കും. അത് ചെയ്താൽ വിജയൻ പുറത്താകും. എന്നാൽ അതിന് ശ്രമിക്കാതെ രാജീവ് ചന്ദ്രശേഖരൻ വെറുതെ മഴ നനയുന്നതാണ് ഇന്നത്തെ കോമഡി. ഗവർണർക്കയച്ച കത്തിൻ്റെ കോപ്പി രാജീവനും നൽകിയിരുന്നതാണ് എന്നും സെബാസ്റ്റ് ജോർജ് പറയുന്നു. സെബാസ്റ്റ്യൻ ജോർജിൻ്റെ കുറിപ്പ് ചുവടെ.
എത്രയും ബഹുമാനപ്പെട്ട രാജീവ് ചന്ദ്ര ശേഖർ ജി ,
താങ്കൾ കുറെ അനുയായികളെയും കൂട്ടി പിണറായി സർക്കാരിന്റെ രാജി ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റിനു മുന്പിലോ മറ്റോ സമരം നടത്തുന്നതായി വാർത്ത കണ്ടിരുന്നു . മഴയൊക്കെ നനഞ്ഞു കുറെ പാവം സ്ത്രീകളും . ഉണ്ട് . വെറുതെ മഴ കൊണ്ട് ജലദോഷം പിടിക്കാം എന്നല്ലാതെ ഒരു കാര്യവും ഇല്ല . പിണറായി സർക്കാരിന്റെ രാജി താങ്കളും , താങ്കളുടെ പാർട്ടിയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ സമരം നടത്തേണ്ടതു രാജ് ഭവന്റെയും , സി ബി ഐ ഓഫീസിന്റെയും മുൻപിലാണ് . Yes എന്ന് ഒറ്റവാക്കിൽ ഒരു മറുപടി ഗവർണർ എനിക്ക് നൽകിയാൽ പിണറായി സർക്കാർ നിലം പൊത്തും . താങ്കൾ നേരിട്ട് ഗവർണറെ കണ്ടാലും മതി . സമര കോലാഹലങ്ങളുടെ ഒന്നും ആവശ്യമില്ല .
പിണറായി സർക്കാരിനെ സംരക്ഷിക്കുന്നത് താങ്കളുടെ നേതാക്കന്മാരായ മോദിജിയും , അമിത് ഷാ ജിയും ആണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവര്ക്കും മനസ്സിലായി . കേരളത്തിലെ ഇരു മുന്നണികൾക്കും ഒരു പോലെ പങ്കുള്ള ടൈറ്റാനിയം അഴിമതി കേസിൽ സി ബി ഐ കുറ്റപത്രം സമർപ്പിക്കാനോ , യഥാർത്ഥ പരാതിക്കാരന്റെ മൊഴി എടുക്കാൻ പേരാവൂരിൽ വരാത്തതും എന്ത് കൊണ്ടാണെന്നു താങ്കൾ ഒന്ന് അന്വേഷിച്ചു നോക്കുക.
അയ്യപ്പൻറെ നാലര കിലോ സ്വർണ്ണത്തിന്റെ വില 5 കോടി രൂപ വരും .അത് കട്ടവരെ ഒക്കെ പിടിച്ചു കൊള്ളൂ . അതിന്റെ 100 ഇരട്ടി നഷ്ടം വന്ന ടൈറ്റാനിയം അഴിമതിക്കാരെ പിടിക്കാൻ താങ്കൾക്കും , താങ്കളുടെ പാർട്ടിക്കും താൽപ്പര്യം ഇല്ലാത്തതെന്തു കൊണ്ട് ? ഒരു കാലത്തു ശ്രീ പദ്മനാഭന്റെ , തിരുവിതാം കൂറിന്റെ , കേരളത്തിന്റെ സ്വർണ്ണ ഖനി ആയിരുന്നു ട്രാവൻകൂർ ടൈറ്റാനിയം . 1952 ൽ കമ്പനി ഉദ്ഘാടനം ചെയ്തത് ശ്രീപദ്മനാഭ ദാസൻ ആയ ശ്രീ ചിത്തിര തിരുനാൾ ബാല രാമ വർമ്മ ആണ് . അഭിനവ രാജാക്കന്മാരായ രാഷ്ട്രീയക്കാരും , ട്രേഡ് യൂണിയൻ നേതാക്കന്മാരും , ഐ എ എസ് കാരും ചേർന്ന് ടൈറ്റാനിയത്തിന്റെ കോടികൾ കൊള്ളയടിച്ചതിനെ കുറിച്ച് ശ്രീ പദ്മനാഭന്റെ ഭക്തർക്കൊ , കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർക്കോ , മാപ്രകൾക്കോ , പൊതു ജനങ്ങൾക്കോ ഒരു പരാതിയും ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുകയാണ് . അയ്യപ്പൻറെ സ്വർണ്ണം കട്ടതുകൊണ്ട് ഒരു പൊതുമേഖലാ സ്ഥാപനവും തകർന്നില്ല . ആരുടേയും തൊഴിൽ അവസരങ്ങൾ നഷ്ടമായില്ല . നേരിട്ടും -അല്ലാതെയും ആയിരം കോടിയോളം രൂപയുടെ നഷ്ടം ആണ് ടൈറ്റാനിയം അഴിമതിയിൽ ഉണ്ടായത് .
രാജീവ് ജി, താങ്കൾ മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തിൽ എയർപോർട്ടിന്റെ അടുത്തായിട്ടാണ് ട്രാവൻകൂർ ടൈറ്റാനിയം സ്ഥിതി ചെയ്യുന്നത് . മലയൊന്നും കയറേണ്ട . അവിടം വരെ ഒന്ന് പോയി അന്വേഷിക്കണം . 2007-08 കാലഘട്ടത്തിൽ ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികൾ അവിടെ ഇരുന്നു തുരുമ്പെടുക്കുന്നുണ്ട് . വികസനത്തിന്റെ ഭാഗം ആയി അവിടെ ഇപ്പോൾ മീൻ വളർത്തുന്നുണ്ട് . ആസ്തയുടെ അസുഖം ഉള്ളവർ മീൻ വിഴുങ്ങാനായി ഹൈദരാബാദ് വരെ പോകേണ്ട . കൊച്ചുവേളി വരെ പോയാൽ മതി . താങ്കൾ അവിടെ പോകുമ്പോൾ തിരുവനന്തപുരം ബാർസിലോണ പോലെ ആക്കും എന്ന് പറഞ്ഞ തരൂർ ജി യെ കൂടി കൂടെ കൂട്ടണം . കാര്യങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെടാമല്ലോ .
22.10.2025 ൽ പ്രസിഡന്റിന് നൽകിയ പരാതിയുടെ കോപ്പി ബഹു . മോദിജിക്കും നൽകിയിരുന്നു . 48 മണിക്കൂറിനകം എനിക്ക് മറുപടി വന്നു . എന്റെ പരാതി പരിഹരിച്ചിരിക്കുന്നു . ഇന്ത്യ തിളങ്ങുന്നു . മറുപടി കണ്ടു ഞാൻ ഞെട്ടി പോയി .” No Action required “. അതിന്റെ അർഥം എന്താണെന്ന് മനസ്സിലായില്ല . ഗവർണർ എത്രയും പെട്ടന്ന് എനിക്ക് മറുപടി നൽകും എന്നാണോ , അതോ ഇരട്ട ചങ്കൻ , ഇദ്രനും ചന്ദ്രനും വരെ ഭയപ്പെടുന്ന എന്നൊക്കെ പറയുന്ന കേരള മുഖ്യനെ തൊടണ്ട എന്നാണോ ? ?ഒരു പിടിയും കിട്ടുന്നില്ല . താങ്കൾ ഒന്ന് മോദിജിയുടെ ഓഫീസിൽ വിളിച്ചു അന്വേഷിക്കുക . വെറുതെ സമരം നടത്തി ജലദോഷം പിടിക്കേണ്ട .
പ്രധാന മന്ത്രിയുടെ ഓഫീസ് പ്രശ്നം പരിഹരിച്ചതിനെക്കുറിച്ചു എന്റെ Feed Back ചോദിച്ചു. നല്ല മറുപടിയും കൊടുത്തിട്ടുണ്ട് . കുറച്ചു കൂടി ബുദ്ധിയും ബോധവും ഉള്ള ആളുകളെ പ്രധാന മന്ത്രിയുടെ ഓഫീസിൽ നിയമിക്കണം എന്നൊരു അഭ്യർത്ഥന ഉണ്ട് . പരാതി ഉന്നയിക്കുന്ന പൗരന്മാർക്ക് ഇങ്ങിനെ അല്ല മറുപടി നൽകേണ്ടത്.
ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ടു 6 മാസം മുൻപ് ഞാൻ താങ്കൾക്കു ഒരു ഈ മെയിൽ അയച്ചിരുന്നു . മറുപടി ഒന്നും കണ്ടില്ല . 2016 ഫെബ്രുവരിയിൽ കുമ്മനം ജി യെ മാരാർ ഭവനിൽ വന്നു കണ്ടു ടൈറ്റാനിയം അഴിമതിക്കെതിരെ ഉള്ള പോരാട്ടം ബി ജെ പി ഏറ്റെടുക്കണം എന്ന് അഭ്യർത്ഥിച്ചിരുന്നു . 2019 മെയ് മാസത്തിൽ ബി ജെ പി യുടെ ഏക എം എൽ എ ആയ രാജഗോപാൽ ജി യെ ഞാൻ എം എൽ എ ക്വാർട്ടേഴ്സിൽ വന്നു കണ്ടിരുന്നു . ടൈറ്റാനിയം അഴിമതിയെ കുറിച്ച് പ്രതികരിക്കാൻ ബി ജെ പി നേതാക്കന്മാർക്ക് ധൈര്യം ഇല്ല .അതെ കുറിച്ച് പുറകെ എഴുതാം. സമരം തുടർന്ന് കൊള്ളൂ .മഴ നനഞ്ഞു പനി പിടിച്ചു ന്യൂമോണിയ ഒന്നും ആകാതെ സൂക്ഷിക്കണം.
Should Rajiv Chandrashekhar get wet and catch pneumonia when Vijayanshree's government will be out if the governor only writes






















